https://www.youtube.com/watch?v=12FRnzXc0X0
മൗനം പോലും മധുരം ………………..

          1983 ൽ  റിലീസ് ചെയ്ത് ചരിത്രം സൃഷ്‌ടിച്ച  തെലുങ്ക് ചലച്ചിത്ര വിസ്മയമായിരുന്നു സാഗര സംഗമം .കമൽഹാസനും ജയപ്രദയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം നൃത്ത സംഗീത പ്രധാനമായ കഥയായിരുന്നു പറഞ്ഞത് .CNN -IBN  എല്ലാ കാലത്തെയും 100 ഇന്ത്യൻ സിനിമകളിൽ ഒന്നായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കുകയുണ്ടായി . ഈ സിനിമ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു . മലയാളത്തിൽ പി ജയചന്ദ്രനും ജാനകിയും പാടിയ മൗനം പോലും മധുരം ...എന്ന ഗാനം അതീവ ഹൃദ്യമായിരുന്നു .

മൗനം പോലും മധുരം (2)
ഈ മധുനിലാവിന്‍ മഴയില്‍…
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ…
രോമാഞ്ചം മൂടവേ…
നിന്‍റെ മൗനം പോലും മധുരം…

വിടരും അധരം വിറകൊള്‍വതെന്തിനോ…
തിളങ്ങും നയനം നനയുന്നതെന്തിനോ…
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ (2)
നീണ്ടു നീണ്ടു പോകുമീ…
മൂകതയൊരു കവിത പോല്‍…
വാചാലമറിവു ഞാന്‍…
നിന്‍റെ മൗനം പോലും മധുരം…

അടരും നിമിഷം തുടരില്ല വീണ്ടുമേ…
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ…
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം (2)
നീളെ നീളെ ഒഴുകുമീ കാറ്റല തന്‍-
പാട്ടിലെ സന്ദേശം സുന്ദരം…
നിന്‍റെ മൗനം പോലും മധുരം…!

‘കോയി ജബ് രാഹ് ന പായെ..മേരെ സംഗ് ആയെ..കെ പഗ് പഗ് ദീപ് ജലായെ..മേരീ ദോസ്തി മേരെ പ്യാര്‍..മേരീ ദോസ്തി മേരെ പ്യാര്‍’….

വീണുടഞ്ഞൊരു കോപ്പ പോലെ ഇരുള്‍വെളിച്ചത്തുണ്ടുകള്‍ ചിതറിയ കോഴിക്കോടന്‍ തെരുവിന്‍റെ നിശയിലേക്ക് സ്നേഹവും ആഹ്ലാദവും വിഷാദവും വേര്‍തിരിക്കാനാവാതെ ഒരു പാട്ടൊഴുകുകയാണ്.. ഹൃദയത്തിലറിയുന്ന നോവിന്‍റെ ഉന്മാദങ്ങള്‍ ബാബുഭായ് പാട്ടിന്‍റെ പാനപാത്രത്തിലൊഴിച്ചു നീട്ടുമ്പോള്‍ ചുറ്റുമുള്ളവര്‍ ആ ലഹരിയിലലിഞ്ഞുതീരുന്നു., നഗരം ചുറ്റിലുമിരമ്പുമ്പോഴും ബാബുഭായിയുടെ പാട്ടോളങ്ങളിലും ഡോലക് താളങ്ങളിലും ആള്‍ക്കൂട്ടം സ്വയം മറക്കുന്നു…

മൂന്നര പതിറ്റാണ്ടിലേറെയായി ബാബുഭായിയുടെ പാട്ടുകുടുംബം കോഴിക്കോടിന്‍റെ സര്‍ഗ്ഗാഭിമാനമായി ഈ തെരുവിലുണ്ട്. റഫിയും കിഷോര്‍കുമാറും മുകേഷും മന്നാഡെയും പാടിയുറക്കാതെ മിഴിയടയാത്ത ഈ നഗരത്തിനായി പാടാന്‍.. ബാബുരാജിനേയും കോഴിക്കോട് അബ്ദുള്‍ഖാദറിനേയും പോലുള്ള അതുല്യപ്രതിഭകള്‍ സംഗീതധാരയാല്‍ വിസ്‌മയിപ്പിച്ച കോഴിക്കോടിന്‍റെ പാട്ടുവഴികളിലൊപ്പം ചേരാന്‍ അങ്ങ് വടക്ക് അഹമ്മദാബാദില്‍ നിന്ന് ഒരു സര്‍ഗ്ഗനിയോഗത്തിന്‍റെ ഉള്‍വിളിയാലെന്ന പോലെയാണ് ബാബുശങ്കറെന്ന ബാബുഭായ് വന്നുചേര്‍ന്നത്. തെരുവുപാട്ടിന്‍റെ പ്രവാസവുമായി പലയിടങ്ങളില്‍ പാടിയലഞ്ഞ് ഒടുക്കം മാനവികതയുടെ മധുരം നിറയുന്ന ഈ മിഠായിത്തെരുവിന്‍റെ മടിത്തട്ടാണ് തന്‍റെയിടമെന്ന് കണ്ടെത്തിയാണ് ബാബുഭായ് കോഴിക്കോടിന്‍റെ സ്വന്തം പാട്ടുകാരനായി തീരുന്നത്. പെട്ടിയില്‍ ഈണമിട്ട് ജീവിതസഖി ലതയും പാട്ടില്‍ ഒപ്പം കൂടി മകള്‍ കൗസല്യയും വന്നുചേര്‍ന്നതോടെ ബാബുഭായിയുടെ കുടുംബം ഈ തെരുവിന്‍റെ പാട്ടുകുടുംബമായി.

തെരുവുഗായകനെന്നത് ആളുകള്‍ക്ക് മുന്നില്‍ കൈനീട്ടുന്ന അപകര്‍ഷതയല്ല, ആളുകള്‍ ഹൃദയത്തോട് ചേര്‍ത്തുപുണരുന്ന സ്നേഹവും അഭിമാനവുമാണെന്ന് കോഴിക്കോട് അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. നവീകരിച്ച മിഠായിത്തെരുവില്‍ പാടിക്കൂടെന്ന് ബാബുഭായിയോട് അധികാരികള്‍ കല്‍പ്പിച്ചപ്പോള്‍ നാടൊന്നാകെ ഒഴുകിയെത്തി ഒരു തെരുവുഗായകനൊപ്പം അണിനിരന്ന വിസ്മയം കൂടി കണ്ടു ലോകം. തിട്ടൂരങ്ങള്‍ തിരുത്തി അധികാരികള്‍ പിന്‍വാങ്ങിയപ്പോള്‍ അത് ജനതയുടെ സമരവിജയം മാത്രമല്ല, ബാബുഭായിയുടെ സമര്‍പ്പിത സര്‍ഗ്ഗജീവിതത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. തെരുവില്‍ നിന്ന് വേദികളിലേക്കും അവിടെ നിന്ന് റിയാലിറ്റി ഷോകളിലേക്കും വിദേശങ്ങളിലെ സംഗീതസദസ്സുകളിലേക്കും ഇപ്പോള്‍ സിനിമയിലേക്കും ആ സംഗീതസര്‍ഗ്ഗമികവ് ക്ഷണിക്കപ്പെടുന്നു.,

അംഗീകാരങ്ങളും ആദരങ്ങളും ഒപ്പം ചേരുമ്പൊഴും തെരുവിനെ മറക്കാതെ ബാബുഭായിയും കുടുംബവും പാടുകയാണ്., തെരുവുകച്ചോടങ്ങളുടെയും നഗരാരവങ്ങളുടേയും ഉച്ചപൊള്ളുന്ന പാളയത്ത്, ദീര്‍ഘദൂരബസ്സുകളിരമ്പുന്ന മൊഫ്യൂസല്‍ സ്റ്റാന്‍റില്‍, നഗരം സൊറപറഞ്ഞ് കടല കൊറിക്കാനിരിക്കുന്ന മാനാഞ്ചിറയുടെ ചുറ്റുവട്ടസായന്തനങ്ങളില്‍, അസ്തമയസൂര്യനലിഞ്ഞ് അറബിക്കടല് ചുവക്കുന്ന കടലോരസന്ധ്യകളില്‍ ബാബുഭായിയുടെ പാട്ടുയരുമ്പോള്‍, റഫിയും മുകേഷും കിഷോര്‍കുമാറും പെയ്യുമ്പോള്‍,
കേട്ടിട്ടും കേട്ടിട്ടും മതിവരാതെ ആളുകള്‍ പിന്നെയും പിന്നെയും തിങ്ങിനിറയുന്നു., പുതിയതൊന്ന് കേള്‍ക്കുന്നതുപോലെ എല്ലാദിനവും അവരത് കേള്‍ക്കുന്നു., കൈവിരലുകളില്‍ പെരുക്കിയും, കാല്‍ത്തുടകളില്‍ താളമിട്ടും, തലയാട്ടിയലിഞ്ഞും, ധ്യാനങ്ങളിലേക്ക് മിഴികൂപ്പിയും, ഹൃദയമുറിവുകളില്‍ നിന്ന് പിന്നെയും പിന്നെയും ചോരകിനിഞ്ഞും, നഷ്ടങ്ങളില്‍ കണ്‍നിറഞ്ഞും ഈ തെരുവ് എന്നും കൂടെ ചെല്ലുന്നു..

യുഎഇ-ലേക്ക് ആദ്യമായി ഒരു തെരുവുഗായകന്‍ ക്ഷണിക്കപ്പെടുമ്പോള്‍ അതാരാണെന്ന ചോദ്യത്തിനേ പ്രസക്തിയില്ല.
തെരുവുപാട്ടിന് സംഗീതലോകത്ത് വിലാസമുണ്ടാക്കിയ ബാബുഭായ് 2018 ഡിസംബര്‍ 7 ന് വെള്ളിയാഴ്ച്ച വൈകു.5 മണിക്ക് ഷാര്‍ജ റയാന്‍ ഹോട്ടൽ ഹാളിൽ പാടുകയാണ്. .തീരാത്ത പാട്ടിന്‍റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാന്‍ ഉള്ളില്‍ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നു….

💫
🎼🎻
പാട്ടുവന്ന വഴി
🎙

പ്രസിദ്ധ സംവിധായകൻ ശ്രീ ഹരിഹരൻ രാജഹംസം എന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ച കാലം. ഗാനങ്ങൾ എഴുതാൻ ഏൽപ്പിച്ചത് വയലാറിനെ…. സിനിമയുടെ ക്ലൈമാക്സിൽ ഒരു ശോകഗാനം വേണം… നായികയെ കഠിനമായി പ്രണയിക്കുന്ന കാമുകനെ സ്വീകരിക്കാൻ തയ്യാറാകാത്ത കഥാസന്ദർഭത്തിൽ നായകൻ പാടുന്ന ഗാനം ഹൃദയസ്പർശിയാവണം. പാട്ട് എഴുതി കിട്ടി വായിച്ചു നോക്കിയ ഹരിഹരന് നിരാശ…ഗാനം താനുദ്ദേശിച്ച നിലവാരത്തിലെത്തിയില്ല. എന്തു ചെയ്യും.. വയലാറിനോട് പാട്ടു മോശമായിപ്പോയി എന്നു പറയാനൊക്കുമോ…. പറയാതിരിക്കാനൊക്കുമോ… ഒരു പക്ഷേ, അതുവരെ ഒരു മനുഷ്യനും പാട്ടു മാറ്റിയെഴുതണമെന്ന് വയലാറിനോടു പറഞ്ഞിട്ടുണ്ടാകില്ല. “എന്തിനായ് വന്നു നീ …” എന്നായിരുന്നു ഗാനത്തിന്റെ തുടക്കം. പാട്ട് തിരുത്തിയെഴുതിച്ചില്ലെങ്കിൽ അത് തന്റെ സിനിമയെ ബാധിക്കും… എന്തു പോംവഴി എന്നാലോചിച്ചാലോചിച്ച് ഒടുവിൽ ഉള്ള കാര്യം വയലാറിനോടു തുറന്നു പറയാൻ തന്നെ ഹരിഹരൻ തീരുമാനിച്ചു. അന്നും തന്റേടിയായിരുന്നു ഹരിഹരൻ … സംവിധായകന്റെ ആവശ്യം കേട്ട് വയലാർ ഒരക്ഷരം മിണ്ടിയില്ല… എഴുതാമെന്നോ പറ്റില്ലെന്നോ പറഞ്ഞുമില്ല.

പിറ്റേന്നു അതിരാവിലെ രണ്ടര മൂന്നു മണിക്ക് ഹരിഹരന് ഒരു ഫോൺ ... ഫോണെടുത്തപ്പോൾ മറ്റേത്തലയ്ക്കൽ വയലാർ ...."ങാ...ഞാൻ വയലാർ ... പാട്ടു ഞാൻ മാറ്റിയെഴുതി ... എഴുതിയെടുത്തോളൂ .." എന്നു പറഞ്ഞ് അദ്ദേഹം വരികൾ വായിച്ചു കൊടുത്തു.  ഉറക്കച്ചടവിൽ പേനയും പേപ്പറും തപ്പിയെടുത്ത് ഹരിഹരൻ ആ വരികൾ എഴുതിയെടുത്തു. "സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ

സന്ധ്യാ പുഷ്പവുമായ് വന്നു…. ” പല്ലവി കേട്ടപ്പോൾ തന്നെ ഉറക്കമെല്ലാം പമ്പ കടന്നു മുഖം വിടർന്നു …. അതേ… ഇതു തന്നെയാണ് ഈ സന്ദർഭത്തിനു വേണ്ട, താനാഗ്രഹിച്ച ഗാനം …!!

ഗാനം പിന്നെ സംഗീതം ചെയ്യാൻ ദേവരാജൻ മാസ്റ്ററെ ഏൽപ്പിച്ചു… രണ്ടു ദിവസം കഴിഞ്ഞ് പാട്ടുകേൾക്കാൻ മാസ്റ്ററുടെ വീട്ടിൽ ഹരിഹരൻ ചെന്നു … ആവശ്യം പറഞ്ഞു… “കേട്ടിട്ട് തനിക്ക് തനിക്കെന്തോ ചെയ്യാനാ ….. പാട്ടു കേൾക്കണമെങ്കിൽ റെക്കോർഡു ചെയ്യുമ്പോൾ സ്റ്റുഡിയോവിൽ വരണം … ഇവിടെയിരുന്നു കേൾക്കാനൊക്കില്ല.” ഇതായിരുന്നു മാസ്റ്ററുടെ പ്രതികരണം. ഹരിഹരനു ആ ന്യായം മനസ്സിലായില്ല. തന്റെ ചിത്രത്തിൽ ഉൾപ്പെടുത്താൻ തയ്യാറാക്കിയ ഗാനം കേൾക്കാൻ തനിക്ക് അവകാശമില്ലേ … ഹരിഹരൻ പല ന്യായങ്ങളും വാദിച്ചു നോക്കിയെങ്കിലും മാസ്റ്റർ വഴങ്ങിയില്ല. ഒടുവിൽ അദ്ദേഹം ക്ഷുഭിതനായി ഇറങ്ങിപ്പോയി…

പിന്നെ, ദിവസങ്ങൾ കഴിഞ്ഞ് റിക്കോർഡിംഗ് സ്റ്റുഡിയോവിലെ കൺസോളിലിരുന്ന് ആ ഗാനം ഹരിഹരൻ കേട്ടു …. പാട്ടു തീർന്ന യുടൻ നിറഞ്ഞ കണ്ണുകളുമായി ദേവരാജൻ മാസ്റ്ററുടെ കാൽക്കൽ ഒരു സാഷ്ടാംഗ പ്രണാമം നൽകാതിരിക്കാൻ ഹരിഹരനു കഴിഞ്ഞില്ല… ഇതിൽ കൂടുതൽ അനുയോജ്യമായൊരീണം ആ ഗാനത്തിനു നൽകാനില്ലായിരുന്നു. ഒരു സംവിധായകൻ കാണുന്നതിനപ്പുറത്ത് കാണാൻ കഴിയുന്ന സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററിനെപ്പോലെ മറ്റൊരാളില്ല എന്ന സത്യം അന്നു തിരിച്ചറിഞ്ഞൂ ശ്രീ. ഹരിഹരൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായ ഈ ഗാനത്തിന്റെ പിറവി യിങ്ങനെയായിരുന്നു.
വയലാർ തന്നെ മനസ്സിൽ ഉദ്ദേശിച്ചാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി മരിക്കുന്നതു വരെ വിശ്വസിച്ചിരുന്നു.
🌾