അന്നപൂർണദേവി എന്ന യുഗം അവസാനിച്ചു എന്നു കേൾക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതപ്രതിഭയാണ് കടന്നുപോയിരിക്കുന്നത്. ഒരു വാഴ്‌ത്തുപാട്ടും കേൾക്കാനില്ല. അധികമാരും അറിഞ്ഞിട്ടുപോലുമില്ല. ഒരു മരവിപ്പ് വന്നു വലയം ചെയ്യുന്നു.

ജന്ററിനേപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവർക്ക് പോലും അന്നപൂർണ അജ്ഞാതയാണ്. ഭാരതീയപുരുഷാധിപത്യത്തിന്റെ ഇരയാക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിഭയാണ് അന്നപൂർണദേവി. പണ്ഡിറ്റ് രവിശങ്കർ എന്ന ലോകമറിയുന്ന മഹാസംഗീതജ്ഞന്റെ പാണ്ഡിത്യം അന്നപൂർണ എന്ന ഭാര്യയെ തുറുങ്കിലിട്ട് നിർമ്മിച്ചതായിരുന്നു. വിവാഹശേഷം ഭാര്യയെ പൊതുവേദികളിലെ സംഗീതത്തിൽ നിന്നു വിലക്കിയ രവിശങ്കറിൽ നിന്നാണ് അന്നപൂർണ എന്ന മഹാസംഗീതജ്ഞയുടെ മരണം, അല്ല കൊലപാതകം തന്നെ – സംഭവിച്ചത്. പിന്നീട് അന്നപൂർണ്ണയുടെ സുർബാഹർ ഉണർന്നതേയില്ല. ആരെയും കാണാത്ത അജ്ഞാതജീവിതത്തിലേക്ക് വലിഞ്ഞ അന്നപൂർണ പിന്നീട് ഹിന്ദുസ്ഥാനി സംഗീതം കണ്ട മഹാപ്രതിഭകളെ സൃഷ്ടിക്കുക മാത്രം ചെയ്തു. ഇന്നിപ്പോൾ കടന്നു പോകുമ്പോഴെങ്കിലും നാമോർക്കണം, ഇന്ത്യൻ സംഗീതം തിരുത്തിയെഴുതുമായിരുന്ന സംഗീതമാണ് വീട്ടിലടക്കപ്പെട്ടത്. അന്നു മുതലിന്നോളം ഹിന്ദുസ്ഥാനിസംഗീതം ഒരിക്കലും, ഒരുകാലത്തും അന്നപൂർണയുടെ പ്രതിഭാശേഷിയുള്ള ഒരു സംഗീതജ്ഞയേയും സംഗീതജ്ഞനേയും കണ്ടിട്ടില്ല. തഴുതിട്ട തടവറയിൽ ഇപ്പോൾ അണഞ്ഞുപോയ വെളിച്ചം ഇന്ത്യൻ സംഗീതത്തിന്റെ ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെളിച്ചമാണ്.
ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂർണയുടെ പ്രിയശിഷ്യൻ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോർമ്മക്കുറിപ്പിലെ വാചകം എന്നുമോർക്കും :
” ചന്ദ്രകൗസ് പഠിപ്പിക്കുമ്പോൾ ആ കണ്ണുകളിൽ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു. വേണമെന്നതിനേക്കാൾ വേണ്ടെന്നു വെക്കാൻ കരുത്തുള്ളവരുടെ തിളക്കം”
എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം? നിരാസകലയുടെ രാജകുമാരീ, എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂർണ്ണാദേവി?
അന്നപൂർണ്ണയുടെ തഴുതിട്ട മുറിയിൽ ചെന്നു സംഗീതം പഠിച്ച അപൂർവ്വം മഹാഭാഗ്യവാൻ/വതികൾക്കല്ലാതെ ആർക്കും അതറിയില്ല. ഹരിപ്രസാദിന്റെ ഈ വാക്കുകളിലുണ്ട് അന്നപൂർണ്ണാദേവിയുടെ ജീവിതസാരം. വേണമെന്നു വെക്കുന്നതിലും മൂർച്ചയുള്ള വേണ്ടെന്നുവെക്കലിന് ഇന്നു ജീവിച്ചിരിക്കുന്നവരിൽ അന്നപൂർണ്ണയോളം വലിയ മറ്റൊരു സാക്ഷ്യവും ലോകത്തില്ല. പത്മഭൂഷൺ വരെയുള്ള പുരസ്കാരങ്ങൾ കൊണ്ടുചെന്നപ്പോൾ പോലും മലബാർ ഹില്ലിലെ അന്നപൂർണ്ണയുടെ വാതിൽ തുറക്കാനായില്ല. അതിനുമപ്പുറം, മുനകൂർത്ത ഈ നിരാസത്തിന്റെ കാരണക്കാരൻ – സിത്താർ മാന്ത്രികൻ രവിശങ്കറിന്റെ മരണത്തിനു പോലും. സേനിയ മെയ്‌ഹാർ ഖരാനയുടെ നാദം ബാംസുരിയിലൂടെ ഹരിപ്രസാദും നിത്യാനന്ദുമൊക്കെ ലോകത്തിനു കേൾപ്പിക്കുമ്പോൾ ഗുരുനാഥയായ അന്നപൂർണ്ണയുടെ കണ്ണുകൾ തിളങ്ങിയിട്ടുണ്ടാവില്ലേ? അതോ … എനിക്ക് അറിയില്ല.
പക്ഷേ ഒന്നറിയാം – ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹൽഡിപൂരും ആശിഷ്‌ഖാൻ ദേബ്ശർമ്മയും ബിരെൻ ബാനർജിയും ഹേമന്ത് ദേശായിയും സന്ധ്യ ആപ്തെയും ഉമ ഗുപ്തയുമടക്കം എണ്ണം പറഞ്ഞ ശിഷ്യഗണങ്ങളിൽ തിളങ്ങുന്ന ആ ഗുരുനാഥയുടെ തിളക്കത്തിന്റെ മൂർച്ചയാണ് ഇന്ന് ഇന്ത്യൻ സംഗീതം. ഇന്ന് ഇറക്കിക്കിടത്തപ്പെട്ടത് ഇന്ത്യയുടെ സംഗീതമാണ്. ആരുമറിയുന്നുണ്ടാവില്ല. ചാനലുകൾക്കും പത്രങ്ങളും അന്നപൂർണയെ ആഘോഷിക്കേണ്ടി വരില്ല. പക്ഷേ ഇന്ന് താൻസനിൽ നിന്നു തളിർത്തുയർന്ന മഹാപാരമ്പര്യമവകാശപ്പെടുന്നൊരു സംഗീതം ഈ നാട്ടിലുണ്ടെങ്കിൽ, ആ ഇന്ത്യൻ സംഗീതത്തിനു തിരശ്ശീല വീണു.