‘കോയി ജബ് രാഹ് ന പായെ..മേരെ സംഗ് ആയെ..കെ പഗ് പഗ് ദീപ് ജലായെ..മേരീ ദോസ്തി മേരെ പ്യാര്‍..മേരീ ദോസ്തി മേരെ പ്യാര്‍’….

വീണുടഞ്ഞൊരു കോപ്പ പോലെ ഇരുള്‍വെളിച്ചത്തുണ്ടുകള്‍ ചിതറിയ കോഴിക്കോടന്‍ തെരുവിന്‍റെ നിശയിലേക്ക് സ്നേഹവും ആഹ്ലാദവും വിഷാദവും വേര്‍തിരിക്കാനാവാതെ ഒരു പാട്ടൊഴുകുകയാണ്.. ഹൃദയത്തിലറിയുന്ന നോവിന്‍റെ ഉന്മാദങ്ങള്‍ ബാബുഭായ് പാട്ടിന്‍റെ പാനപാത്രത്തിലൊഴിച്ചു നീട്ടുമ്പോള്‍ ചുറ്റുമുള്ളവര്‍ ആ ലഹരിയിലലിഞ്ഞുതീരുന്നു., നഗരം ചുറ്റിലുമിരമ്പുമ്പോഴും ബാബുഭായിയുടെ പാട്ടോളങ്ങളിലും ഡോലക് താളങ്ങളിലും ആള്‍ക്കൂട്ടം സ്വയം മറക്കുന്നു…

മൂന്നര പതിറ്റാണ്ടിലേറെയായി ബാബുഭായിയുടെ പാട്ടുകുടുംബം കോഴിക്കോടിന്‍റെ സര്‍ഗ്ഗാഭിമാനമായി ഈ തെരുവിലുണ്ട്. റഫിയും കിഷോര്‍കുമാറും മുകേഷും മന്നാഡെയും പാടിയുറക്കാതെ മിഴിയടയാത്ത ഈ നഗരത്തിനായി പാടാന്‍.. ബാബുരാജിനേയും കോഴിക്കോട് അബ്ദുള്‍ഖാദറിനേയും പോലുള്ള അതുല്യപ്രതിഭകള്‍ സംഗീതധാരയാല്‍ വിസ്‌മയിപ്പിച്ച കോഴിക്കോടിന്‍റെ പാട്ടുവഴികളിലൊപ്പം ചേരാന്‍ അങ്ങ് വടക്ക് അഹമ്മദാബാദില്‍ നിന്ന് ഒരു സര്‍ഗ്ഗനിയോഗത്തിന്‍റെ ഉള്‍വിളിയാലെന്ന പോലെയാണ് ബാബുശങ്കറെന്ന ബാബുഭായ് വന്നുചേര്‍ന്നത്. തെരുവുപാട്ടിന്‍റെ പ്രവാസവുമായി പലയിടങ്ങളില്‍ പാടിയലഞ്ഞ് ഒടുക്കം മാനവികതയുടെ മധുരം നിറയുന്ന ഈ മിഠായിത്തെരുവിന്‍റെ മടിത്തട്ടാണ് തന്‍റെയിടമെന്ന് കണ്ടെത്തിയാണ് ബാബുഭായ് കോഴിക്കോടിന്‍റെ സ്വന്തം പാട്ടുകാരനായി തീരുന്നത്. പെട്ടിയില്‍ ഈണമിട്ട് ജീവിതസഖി ലതയും പാട്ടില്‍ ഒപ്പം കൂടി മകള്‍ കൗസല്യയും വന്നുചേര്‍ന്നതോടെ ബാബുഭായിയുടെ കുടുംബം ഈ തെരുവിന്‍റെ പാട്ടുകുടുംബമായി.

തെരുവുഗായകനെന്നത് ആളുകള്‍ക്ക് മുന്നില്‍ കൈനീട്ടുന്ന അപകര്‍ഷതയല്ല, ആളുകള്‍ ഹൃദയത്തോട് ചേര്‍ത്തുപുണരുന്ന സ്നേഹവും അഭിമാനവുമാണെന്ന് കോഴിക്കോട് അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. നവീകരിച്ച മിഠായിത്തെരുവില്‍ പാടിക്കൂടെന്ന് ബാബുഭായിയോട് അധികാരികള്‍ കല്‍പ്പിച്ചപ്പോള്‍ നാടൊന്നാകെ ഒഴുകിയെത്തി ഒരു തെരുവുഗായകനൊപ്പം അണിനിരന്ന വിസ്മയം കൂടി കണ്ടു ലോകം. തിട്ടൂരങ്ങള്‍ തിരുത്തി അധികാരികള്‍ പിന്‍വാങ്ങിയപ്പോള്‍ അത് ജനതയുടെ സമരവിജയം മാത്രമല്ല, ബാബുഭായിയുടെ സമര്‍പ്പിത സര്‍ഗ്ഗജീവിതത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. തെരുവില്‍ നിന്ന് വേദികളിലേക്കും അവിടെ നിന്ന് റിയാലിറ്റി ഷോകളിലേക്കും വിദേശങ്ങളിലെ സംഗീതസദസ്സുകളിലേക്കും ഇപ്പോള്‍ സിനിമയിലേക്കും ആ സംഗീതസര്‍ഗ്ഗമികവ് ക്ഷണിക്കപ്പെടുന്നു.,

അംഗീകാരങ്ങളും ആദരങ്ങളും ഒപ്പം ചേരുമ്പൊഴും തെരുവിനെ മറക്കാതെ ബാബുഭായിയും കുടുംബവും പാടുകയാണ്., തെരുവുകച്ചോടങ്ങളുടെയും നഗരാരവങ്ങളുടേയും ഉച്ചപൊള്ളുന്ന പാളയത്ത്, ദീര്‍ഘദൂരബസ്സുകളിരമ്പുന്ന മൊഫ്യൂസല്‍ സ്റ്റാന്‍റില്‍, നഗരം സൊറപറഞ്ഞ് കടല കൊറിക്കാനിരിക്കുന്ന മാനാഞ്ചിറയുടെ ചുറ്റുവട്ടസായന്തനങ്ങളില്‍, അസ്തമയസൂര്യനലിഞ്ഞ് അറബിക്കടല് ചുവക്കുന്ന കടലോരസന്ധ്യകളില്‍ ബാബുഭായിയുടെ പാട്ടുയരുമ്പോള്‍, റഫിയും മുകേഷും കിഷോര്‍കുമാറും പെയ്യുമ്പോള്‍,
കേട്ടിട്ടും കേട്ടിട്ടും മതിവരാതെ ആളുകള്‍ പിന്നെയും പിന്നെയും തിങ്ങിനിറയുന്നു., പുതിയതൊന്ന് കേള്‍ക്കുന്നതുപോലെ എല്ലാദിനവും അവരത് കേള്‍ക്കുന്നു., കൈവിരലുകളില്‍ പെരുക്കിയും, കാല്‍ത്തുടകളില്‍ താളമിട്ടും, തലയാട്ടിയലിഞ്ഞും, ധ്യാനങ്ങളിലേക്ക് മിഴികൂപ്പിയും, ഹൃദയമുറിവുകളില്‍ നിന്ന് പിന്നെയും പിന്നെയും ചോരകിനിഞ്ഞും, നഷ്ടങ്ങളില്‍ കണ്‍നിറഞ്ഞും ഈ തെരുവ് എന്നും കൂടെ ചെല്ലുന്നു..

യുഎഇ-ലേക്ക് ആദ്യമായി ഒരു തെരുവുഗായകന്‍ ക്ഷണിക്കപ്പെടുമ്പോള്‍ അതാരാണെന്ന ചോദ്യത്തിനേ പ്രസക്തിയില്ല.
തെരുവുപാട്ടിന് സംഗീതലോകത്ത് വിലാസമുണ്ടാക്കിയ ബാബുഭായ് 2018 ഡിസംബര്‍ 7 ന് വെള്ളിയാഴ്ച്ച വൈകു.5 മണിക്ക് ഷാര്‍ജ റയാന്‍ ഹോട്ടൽ ഹാളിൽ പാടുകയാണ്. .തീരാത്ത പാട്ടിന്‍റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാന്‍ ഉള്ളില്‍ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നു….

Leave a comment